തൃശൂർ : തൃശ്ശൂരിൽ കൊലക്കേസ് പ്രതിയെ ക്രൂരമായി മർദിച്ച് ജനനേന്ദ്രിയം മുറിച്ച സംഭവത്തിൽ പാസ്റ്റർ അടക്കം മൂന്നു പേർ പോലീസ് കസ്റ്റഡിയിൽ. കൊടുങ്ങല്ലൂർ വെച്ചാണ് മൂന്നു പ്രതികളെയും പിടികൂടിയത്. വരാപ്പുഴ കൂനമ്മാവ് അഗതിമന്ദിരത്തിൽ വെച്ചാണ് കൊലക്കേസ് പ്രതിയായ എറണാകുളം അരൂര്‍ സ്വദേശി സുദര്‍ശന് (44) ക്രൂരമായ മർദനം നേരിട്ടത്. സംഭവത്തിൽ അഗതിമന്ദിരം നടത്തിപ്പുകാരനായ പാസ്റ്റർ ഫ്രാൻസിസ് (65) ആരോമൽ , നിതിൻ, എന്നിവരാണ് പിടിയിലായിരിക്കുന്നത്.
പരിക്കേറ്റ ആളെ ചികിത്സിക്കാൻ തയാറാവാതെ അഗതിമന്ദിരത്തിലെ അധികൃതർ കൊടുങ്ങല്ലൂരിലെത്തിച്ച് ഉപേക്ഷിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തുടർന്ന്, സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്താൻ കഴിഞ്ഞത്.
കഴിഞ്ഞ ദിവസമാണ് സുദര്‍ശന് ക്രൂരമായി ആക്രമണം നേരിടേണ്ടി വന്നത്.
വഴിയാത്രക്കാരെ ശല്യപ്പെടുത്തിയതിനാണ് സുദർശനെ കൊച്ചി സെൻട്രൽ പൊലീസ് പിടികൂടി അഗതിമന്ദിരത്തിൽ എത്തിച്ചിരുന്നത്. അവിടെവെച്ച് സുദർശൻ അക്രമം കാട്ടിയതിനെ തുടർന്ന് പ്രതികൾ മർദിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മർദനത്തിൽ അവശനായ സുദർശനെ അഗതിമന്ദിരത്തിൻ്റെ വാഹനത്തിൽ കൊടുങ്ങല്ലൂരിൽ കൊണ്ടുവന്ന് വഴിയരികിൽ ഉപേക്ഷിച്ചു. സുദർശൻ നിലവിൽ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിലാണ്.




