കണ്ണൂർ :- വനിതാ ഹോസ്റ്റലിൽ അതിക്രമിച്ചു കയറാൻ ശ്രമിച്ച യുവാവ് പിടിയിൽ. താവക്കരയിലെ ഹോസ്റ്റലിൽ ഇന്നലെ രാത്രി 10 മണിയോടെ കടന്നു കയറാൻ ശ്രമിച്ചയാളാണു പിടിയിലായത്. ഹോസ്റ്റലിലെ താമസക്കാർ പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് ടൗൺ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. മദ്യ ലഹരിയിലായിരുന്നു യുവാവെന്ന് പോലീസ് പറഞ്ഞു.
പ്രതി ജീപ്പിലാണ് ഹോസ്റ്റലിനടുത്തേക്കു വന്നത്. പുറത്ത് ജീപ്പ് നിർത്തി മതിൽ ചാടിക്കടക്കുന്നത് താമസക്കാരായ പെൺകുട്ടികളിൽ ചിലർ കണ്ടു. ഇവർ വിവരം വാർഡനെ അറിയിക്കുകയായിരുന്നു. സെക്യൂരിറ്റി ജീവനക്കാർ പരിശോധിക്കാൻ ഇറങ്ങിയതോടെ ഇയാൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ജീവനക്കാർ പിടികൂടി. കൂടെ മറ്റാരെങ്കിലുമുണ്ടോയെന്നും മദ്യലഹരിയിലായിരുന്ന പ്രതിയുടെ ഉദ്ദേശ്യമെന്താണെന്നും തുടങ്ങിയ കാര്യങ്ങൾ പൊലീസ് അന്വേഷിക്കുകയാണ്.




