കോഴിക്കോട് : കോഴിക്കോട് രാമനാട്ടുകരയിൽ ബാറില്‍ മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തെ തുടർന്ന് രണ്ട് യുവാക്കള്‍ക്ക് കുത്തേറ്റു.
സംഭവത്തിൽ നല്ലളം സ്വദേശി റമീസ് റഹ്മാൻ, ബസാർ സ്വദേശി റഹീസ് എന്നിവർക്കാണ് ആക്രമണത്തില്‍ പരുക്കേറ്റത്. ഇവരില്‍ റഹീസിന് ഗുരുതരമായ പരുക്കേറ്റു. വയറ്റിലാണ് കുത്തേറ്റത്. റമീസ് റഹ്മാന് കൈക്ക് പരുക്കേറ്റെങ്കിലും നില തൃപ്തികരമാണ്. പരുക്കേറ്റ ഇരുവരെയും ഉടൻതന്നെ രാമനാട്ടുകരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചു.
ബാറിൽ വച്ച് സുഹൃത്തുക്കള്‍ തമ്മിലുണ്ടായ വാക്കുതർക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്. ഇരുവരേയും ആക്രമിച്ച പ്രതിയായ അക്ബർ സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. പ്രതിയെ പിടിക്കാൻ പൊലിസ് തിരച്ചില്‍ ആരംഭിച്ചു. ഇയാളെ ഉടൻ പിടികൂടാൻ കഴിയുമെന്നാണ് പൊലിസ് നല്കുന്ന സൂചന.




