മലപ്പുറം :- യുവാവിനെ കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ച് കഴുത്തറുത്തു കൊലപ്പെടുത്തി. പോരൂർ ചാത്തങ്ങോട്ടുപുറം നടുവിൽപോല പ്രവീൺ (35) ആണ് കൊല്ലപ്പെട്ടത്. മഞ്ചേരി എളങ്കൂർ ചാരങ്കാവിൽ ഇന്നു രാവിലെ 6.45നാണ് സംഭവം. നാട്ടുകാർ പ്രതി കൂമന്തടി മൊയ്തീൻ കുട്ടിയെ പിടികൂടി മഞ്ചേരി പോലീസിനു കൈമാറി.
കാടുവെട്ടാൻ പ്രവീൺ ബൈക്കിലും സുഹൃത്ത് സുരേന്ദ്രൻ സ്കൂട്ടറിലുമായി വെട്ടിക്കാട്ടിരിയിലേക്കു പോവുകയായിരുന്നു. ഈ സമയം പ്രതി ചാരങ്കാവ് അങ്ങാടിക്ക് സമീപം നിൽക്കുകയായിരുന്നു. സുരേന്ദ്രൻ സ്കൂട്ടർ നിർത്തിയപ്പോൾ മൊയ്തീൻ അടുത്തെത്തി സമീപത്തെ കാടുവെട്ടാൻ യന്ത്രം ചോദിച്ചു. സ്കൂട്ടറിൽ നിന്നു യന്ത്രം എടുത്ത് പ്രവീണിന്റെ കഴുത്തിൽ വച്ച് മുറിവേൽപ്പിക്കുകയായിരുന്നു. ഇതോടെ പ്രവീൺ പിറകിലേക്ക് മറിഞ്ഞുവീണു. കൃത്യത്തിന് ശേഷം തിരികെ പോകും വഴി ഒരാളെ കൂടി തീർക്കാനുണ്ട് എന്ന് സുരേന്ദ്രനോട് പറഞ്ഞതായി സുരേന്ദ്രൻ പോലീസിന് മൊഴി നൽകി. ഒരുമിച്ച് ജോലിക്കു പോകുന്നവരാണ് ഇരുവരും. മൊയ്തീൻകുട്ടി സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന ആളാണെന്ന് പോലീസിനു വിവരം ലഭിച്ചു. പ്രതിയെ പൊലീസ് ചോദ്യം ചെയ്യുകയാണ്.




