തിരുവനന്തപുരം :- യുഡിഎഫിനു തദ്ദേശതിരഞ്ഞെടുപ്പിൽ പൂര്‍ണ പിന്തുണയുമായി പി.വി.അന്‍വര്‍. യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്കെതിരെ ഒരിടത്തും മത്സരിക്കരുതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പി.വി.അന്‍വര്‍ നിര്‍ദേശം നല്‍കി. യുഡിഎഫ് നേതൃത്വവുമായി ചര്‍ച്ച നടത്തി അവര്‍ സീറ്റ് അനുവദിക്കുന്ന ഇടങ്ങളില്‍ മത്സരിക്കാം. യുഡിഎഫിനെതിരെ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കരുതെന്നും നിര്‍ദേശമുണ്ട്.
പിണറായിസം അവസാനിപ്പിക്കാന്‍ ഈ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ വിജയം അനിവാര്യമാണെന്നും പി.വി.അന്‍വര്‍ പ്രവര്‍ത്തകര്‍ക്കു നിര്‍ദേശം നല്‍കി. തദ്ദേശതിരഞ്ഞെടുപ്പില്‍ ഒരു സീറ്റിലും യുഡിഎഫിനെതിരെ തൃണമൂല്‍ സ്ഥാനാര്‍ഥികള്‍ മത്സരിക്കില്ലെന്ന് പാര്‍ട്ടി സംസ്ഥാന ചീഫ് കോ-ഓര്‍ഡിനേറ്റര്‍ വി.എസ്.മനോജ്കുമാര്‍ പറഞ്ഞു. പലയിടത്തും പ്രാദേശിക തലത്തില്‍ യുഡിഎഫ് നേതൃത്വവുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് തൃണമൂല്‍ വൃത്തങ്ങള്‍ അറിയിച്ചു.
യുഡിഎഫ്-തൃണമൂല്‍ സഖ്യമായാണ് മലപ്പുറം കരുളായി പഞ്ചായത്തില്‍ മത്സരിക്കുന്നത്. 10, 14 വാര്‍ഡുകളിലാണ് തൃണമൂല്‍ സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിനു മുന്‍പായി തൃണമൂല്‍ കോണ്‍ഗ്രസിന്റെ യുഡിഎഫ് പ്രവേശം സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടയിലാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ സഹകരിക്കാനുള്ള തീരുമാനം. പി.വി.അന്‍വറുമായി സഹകരിക്കുന്ന വിഷയത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ഉള്‍പ്പെടെ അനുകൂല നിലപാടിലേക്ക് എത്തിയെന്നാണു സൂചന. അന്‍വര്‍ വരുന്നതിനോടു ലീഗിനും പൂര്‍ണ യോജിപ്പാണുള്ളത്.




